പ്ലാസ്റ്റിക് സർജറി രംഗത്തെ ഇതിഹാസം ഡോ. സി. തോമസ് അന്തരിച്ചു; ആദരമായി രാജ്യം നൽകിയത് ഒമാൻ പൗരത്വം
കൈപ്പട്ടൂർ: ലോകപ്രശസ്ത പ്ലാസ്റ്റിക് സർജനും ഒമാനിലെ പ്ലാസ്റ്റിക് സർജറി വിഭാഗത്തിന്റെ പിതാവുമായ ഡോ. സി. തോമസ് (ചോന തോമസ് ) അന്തരിച്ചു. പത്തനംതിട്ട കൈപ്പട്ടൂർ കല്ലുതുണ്ടിയിൽ കുടുംബാംഗമായ അദ്ദേഹം, ഒരു ഇന്ത്യൻ പൗരന് ആദ്യമായി ഒമാൻ പൗരത്വം ലഭിച്ച വ്യക്തിയെന്ന നിലയിൽ ചരിത്രത്തിൽ ഇടംപിടിച്ച പ്രതിഭയാണ്.
കൈപ്പട്ടൂരിൽ നിന്ന് ലോകത്തിന്റെ നെറുകയിലേക്ക്
കൈപ്പട്ടൂർ സെന്റ് ജോർജ്ജ് മൗണ്ട് ഹൈസ്കൂളിലെ (കൊട്ടിക്കുന്നേൽ സ്കൂൾ) പഠനകാലത്ത് തന്നെ കായിക-അക്കാദമിക് രംഗങ്ങളിൽ മികവ് തെളിയിച്ചിരുന്ന അദ്ദേഹം, എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ഡോക്ടറാകണമെന്ന ഉറച്ച തീരുമാനമെടുത്തത്. ചങ്ങനാശേരി എസ്.ബി കോളേജിലെ പ്രീ-യൂണിവേഴ്സിറ്റി പഠനത്തിന് ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസും (1962-63 ബാച്ച്) തുടർന്ന് ജനറൽ സർജറിയിൽ എം.എസും പൂർത്തിയാക്കി.
ഒമാന്റെ ആരോഗ്യരംഗത്തെ വിപ്ലവം
1971-ൽ ഒമാനിലെ അർറഹ്മ ആശുപത്രിയിൽ സർജനായി എത്തിയതോടെയാണ് അദ്ദേഹത്തിന്റെ വിദേശ കരിയർ ആരംഭിക്കുന്നത്. 1974-ൽ ഖൗല ആശുപത്രിയിലെ സർജിക്കൽ യൂണിറ്റ് മേധാവിയായി. പിന്നീട് യുകെയിലെ ഓക്സ്ഫോർഡ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസിൽ നിന്ന് പ്ലാസ്റ്റിക് സർജറിയിൽ വിദഗ്ധ പരിശീലനം നേടി.
1981-ൽ ഒമാനിൽ തിരിച്ചെത്തിയ അദ്ദേഹം, ഖൗല ആശുപത്രിയിൽ വെറും 10 കിടക്കകളുമായി ഒമാനിലെ ആദ്യത്തെ പ്ലാസ്റ്റിക് സർജറി യൂണിറ്റ് സ്ഥാപിച്ചു. ഇന്ന് 80 കിടക്കകളും 23 ഡോക്ടർമാരുമുള്ള മിഡിൽ ഈസ്റ്റിലെ തന്നെ ഏറ്റവും വലിയ പ്ലാസ്റ്റിക് സർജറി വിഭാഗമായി ഇത് വളർന്നത് ഡോ. തോമസിന്റെ ദീർഘവീക്ഷണത്തിലൂടെയാണ്.
ആദരവായി ‘ഓർഡർ ഓഫ് ഒമാൻ’
ആരോഗ്യരംഗത്തെ സമാനതകളില്ലാത്ത സേവനം പരിഗണിച്ച് ഒമാൻ ഭരണാധികാരിയായിരുന്ന സുൽത്താൻ ഖാബൂസ് ബിൻ സെയ്ദ് അദ്ദേഹത്തെ ‘ഓർഡർ ഓഫ് ഒമാൻ’ (സിവിൽ സർവീസ് അവാർഡ്) നൽകി ആദരിച്ചു. 1991-ൽ അദ്ദേഹത്തിനും കുടുംബത്തിനും ഒമാൻ പൗരത്വം നൽകി രാജ്യം വലിയ ബഹുമതി നൽകി.
ഇന്ത്യൻ ജേണൽ ഓഫ് പ്ലാസ്റ്റിക് സർജറിയുടെ അന്താരാഷ്ട്ര സമിതി അംഗമായും, അമേരിക്കയിലെ ജേണൽ ഓഫ് ക്രാനിയോഫേഷ്യൽ സർജറിയുടെ റീജിയണൽ എഡിറ്ററായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് സർജറി രംഗത്ത് ലോകം അംഗീകരിച്ച മികച്ച ഒട്ടേറെ സർജന്മാരുടെ ഗുരുവുമാണ് അദ്ദേഹം. തുമ്പമൺ ഭദ്രാസനത്തിലെ പത്തനംതിട്ട കൈപ്പട്ടൂർ സെന്റ് ഇഗ്നേഷ്യസ് മഹാ ഇടവക അംഗം ആണ്.

നിരണം,കണിയാംകണ്ടത്തിൽ സൈമൺ ബേബിച്ചായന്റെ സഹധർമ്മിണി സാറാമ്മ ബേബി (അമ്മിണിയമ്മാമ്മ -88 വയസ്സ് )നിര്യാതയായി. സംസ്ക്കാരം പിന്നീട്നിരണം വലിയപള്ളിയിൽ..

അഞ്ചൽ സെന്റ് ജോർജ് ഇടവക അംഗം കൈപ്പള്ളിമുക്ക് തുണ്ടുവിള ഫീൽഡ് വ്യൂ ഭവനിൽ അഡ്വ.ടി. എ. ഫിലിപ്പ് നിര്യാതനായി. മുൻ സഭാ മാനേജിങ് കമ്മിറ്റി അംഗമായിരുന്നു (2002-2007).
വാർത്ത : ഫാ. ജേക്കബ് കല്ലിച്ചേത്ത്, നിഷ ജോൺ, ഷൈനി തോമസ്