ഉത്ഘാടനം

മാർ ബസേലിയോസ് മൂവ്മെന്റിന്റെ സുവർണ ജൂബിലി ആഘോഷമായ ബസേലിയോ 2023-24-ന്റെ ഭാഗമായി കോയമ്പത്തൂർ തടാകം ക്രിസ്ത ശിഷ്യ ആശ്രമത്തിന്റെ അധീനതയിലുള്ള ബിഷപ്പ് വാൽഷ് മെമ്മോറിയൽ ഹോസ്പിറ്റലിൽ നടപ്പിലാക്കിയ മെറ്റേർണിറ്റി-നിയോനൈറ്റ് കെയർ സെമി ഐ.സി.യു. യൂണിറ്റിന്റെ ഔപചാരികമായ ഉത്ഘാടനം ആശ്രമത്തിന്റെ ചുമതലയുള്ള മുംബൈ ഭദ്രാസനാധിപൻ അഭിവന്ദ്യ ഗീവർഗീസ് മാർ കൂറിലോസ് മെത്രപോലീത്താ നിർവ്വഹിച്ചു. തടാകം ആശ്രമത്തിന്റെ സ്ഥാപക പിതാവായ ബിഷപ്പ് പെക്കൻ ഹാം വാൽഷിന്റെ 64-‍ാം ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ച് നടന്ന ചടങ്ങിൽ ബിഷപ്പ് വാൽഷിനോടൊപ്പം തടാകം ആശ്രമത്തിൽ താമസിക്കുകയും, പഠിക്കുകയും ചെയ്ത രാമസ്വാമി മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി.

ഓർമ്മപ്പെരുന്നാൾ ശുശ്രൂഷകൾക്കും തുടർന്നുള്ള പരിപാടികൾക്കും ആശ്രമത്തിന്റെ ആചാര്യൻ ഫാ. ജിജോ പി. എബ്രഹാം നേതൃത്വം നൽകി. മാർ ബസേലിയോസ് മുവ്മെന്റ് പ്രവർത്തകരായ ഐസക്ക് വർഗീസ്, ടിജു അലക്സ്, സോമജ ടിജു എന്നിവർ സന്നിഹിതരായിരുന്നു.

കുവൈറ്റ് സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകയിലെ ആത്മീയ-ജീവകാരുണ്യ പ്രസ്ഥാനമായി, മോറാൻ മാർ ബസേലിയോസ് ഗീവർഗീസ് ദ്വിതീയൻ ബാവായുടെ നാമധേയത്തിൽ 1974-ൽ സ്ഥാപിതമായ മാർ ബസേലിയോസ് മൂവ്മെന്റ്, ജാതി-മത-വർഗ്ഗ-വർണ്ണ വ്യത്യാസമില്ലാതെ സമൂഹത്തിലെ നിരാലംബരായവർക്ക് വേണ്ടുന്നതായ കൈത്താങ്ങലുകൾ നൽകിക്കൊണ്ടാണ് അമ്പതാം വാർഷികത്തിന്റെ നിറവിലേക്ക് പ്രവേശിച്ചിരിക്കുന്നത്.

വാർത്ത : ജെറി ജോൺ കോശി

Related posts