പിറവം വലിയ പള്ളിയിൽ പ്രതിഷേധ സംഗമം:
ഹൈക്കോടതി വിധി തെറ്റിദ്ധരിപ്പിച്ച് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പിറവം സെന്റ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളിയിലേക്ക് മാരകായുധങ്ങളുമായി വന്നു അസഭ്യവർഷം നടത്തുകയും കൈയ്യേറ്റ ശ്രമം നടത്തുകയും ചെയ്ത വിഘടിത യാക്കോബായ വിഭാഗത്തിന്റെ പ്രവർത്തനത്തിനെതിരെ പിറവം പള്ളിയിൽ മലങ്കര സഭയുടെ നേതൃത്വത്തിൽ കൂടിയ യോഗം പ്രതിഷേധിച്ചു . മലങ്കര ഓർത്തഡോക്സ് സഭാ അൽമായ ട്രസ്റ്റി റോണി വർഗ്ഗീസ് എബ്രഹാം , അസ്സോസിയേഷൻ സെക്രട്ടറി അഡ്വ ബിജു ഉമ്മൻ , പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനിയുടെ സെക്രട്ടറി റവ ഫാ ബൈജു ജോൺസൻ, ഇടവക വികാരിമാർ, ഇടവക ഭാരവാഹികൾ തുടങ്ങിയവർ പ്രസംഗിച്ചു.
നിയമ വാഴ്ചയെ വെല്ലുവിളിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും പ്രകോപനത്തിന്റെ മാർഗ്ഗം സ്വീകരിക്കുന്നവരെ നിയമപരമായി നേരിടണമെന്നും യോഗം ആവശ്യപ്പെട്ടു.

നിയമംവാഴ്ചയെ വെല്ലുവിളിക്കരുത് : അഡ്വ ബിജു ഉമ്മൻ.
ഹൈക്കോടതി വിധി തെറ്റിദ്ധരിപ്പിച്ച് പുത്തൻകുരിശ് സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിലേക്ക് സ്‌ഫോടക വസ്തുക്കളും മാരകായുധങ്ങളുമായി കയറി സന്ധ്യാ നമസ്കാരം തടസ്സപ്പെടുത്തുകയും അസഭ്യവർഷം നടത്തുകയും കൈയ്യേറ്റ ശ്രമം നടത്തുകയും ചെയ്ത വിഘടിത വിഭാഗത്തിന്റെ പ്രവർത്തനത്തിനെതിരെ പള്ളിയിൽ കൂടിയ ഇടവക യോഗം പ്രതിക്ഷേധിച്ചു . വികാരി റെവ സണ്ണി വർഗ്ഗീസ് അച്ചന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മലങ്കര ഓർത്തഡോക്സ് സഭാ സെക്രട്ടറി അഡ്വ ബിജു ഉമ്മൻ ഉദ്ഖാടനം ചെയ്തു. നിയമ വാഴ്ചയെ വെല്ലുവിളിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും പ്രകോപനങ്ങൾക്ക് പകരം സമാധാനത്തിന്റെയും നീതിയുടെയും പാതയിൽ സഞ്ചരിക്കുവാൻ വിഘടിത വിഭാഗം തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. പ്രകോപനത്തിന്റെ മാർഗ്ഗം സ്വീകരിക്കുന്നവരെ നിയമപരമായി നേരിടും. പൊതു തിരഞ്ഞെടുപ്പും വിശുദ്ധ വാരവും അടുത്തപ്പോൾ മനപ്പൂർവ്വം സംഘർഷം സൃഷ്ടിക്കുവാൻ ഉള്ള ശ്രമം ആയെ ഇതിനെ കാണുവാൻ പറ്റു എന്നും ശ്രീ ബിജു ഉമ്മൻ പറഞ്ഞു. കുറ്റക്കാർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണം എന്നും സമാധാന അന്തരീക്ഷം നിലനിർത്തണം എന്നും യോഗം ആവശ്യപ്പെട്ടു. ട്രസ്റ്റി ഗ്ലാഡ്സൻ ചാക്കോ കുഴിവേലിൽ, സെക്രട്ടറി മാർട്ടിൻ കണ്ണേത്ത് യുവജന പ്രസ്ഥാനം കേന്ദ്ര കമ്മിറ്റി അംഗം പേൾ കണ്ണേത്ത്, ജെയ്സൺ പീറ്റർ കുഴവേലിൽ ചെറിയാൻ വർഗീസ് കണ്ണേത്ത് എന്നിവർ പ്രസംഗിച്ചു

അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മനാണ് ഡി.ജി.പിക്ക് നേരിട്ട് പരാതി നൽകിയത്

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ഒൻപതാം കാതോലിക്കാ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ത്രിതീയൻ ബാവാ തിരുമേനിയുടെ മുഖ്യകാർമ്മികത്വത്തിൽ നിർവ്വഹിക്കപ്പെട്ട വിശുദ്ധ മൂറോൻ കൂദാശ പരിശുദ്ധാത്മ ചൈതന്യത്തിന്റെ സജീവ സാന്നിധ്യത്താലും ,പ്രാർത്ഥനാനിർഭരങ്ങളായ അനുഭവങ്ങളാലും ഏറെ പുണ്യപ്രദമായിരുന്നു .മലങ്കര സഭാമക്കൾ പ്രാർത്ഥനയോടും ,ആവേശത്തോടും ഒരുങ്ങിയ ചരിത്രമുഹൂർത്തം കൂടിയായിരുന്നു വിശുദ്ധ മൂറോൻ കൂദാശ.
ഈ പവിത്രമായ കൂദാശ പരിശുദ്ധാത്മാവിന്റെ നിറവും, പൂർത്തീകരണവും, പരിശുദ്ധാത്മ ചൈതന്യത്തിന്റെ നിറവാർന്ന സാന്നിധ്യവുമായി നിലകൊള്ളുന്നു.
മലങ്കര സഭ ചരിത്രപരമായി,ആരാധനാപരമായി ഏറെ പ്രാധാന്യം കൊടുക്കുന്ന ഒരു ദിവ്യ ശുശ്രൂഷയാണിത്. ആ വിശുദ്ധ കൂദാശയിൽ പങ്കെടുത്തപ്പോൾ പരിശുദ്ധ റുഹായുടെ സത്യപ്രദമായ സാന്നിധ്യത്തിന്റെ നിറവിൽ കാർമ്മീകരും അതിൽ പങ്കുചേർന്ന എല്ലാവരും നിറയുന്ന ചൈതന്യവത്തായ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിക്കുവാൻ കൂടി കഴിഞ്ഞത് ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത അനുഭവം ആയി മാറി.
പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതിയൻ കാതോലിക്കാ ബാവാ തിരുമേനിയാൽ പ്രഥമമായി നടത്തപ്പെട്ട ഈ വിശുദ്ധ മൂറോൻ കൂദാശയിൽ അർക്കദിയോക്കോൻ സ്ഥാനം വഹിക്കുവാൻ കഴിഞ്ഞത്
എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി ഞാൻ കരുതുന്നു. പരിശുദ്ധ സഭയുടെ വൈദിക ട്രസ്റ്റിയായി ശുശ്രൂഷ അനുഷ്ഠിക്കുന്നത് കൊണ്ട്,ആ സ്ഥാനം നിമിത്തം എനിക്ക് ലഭിച്ച ഒരു അവകാശമായി ഞാൻ ഇത് കരുതുന്നില്ല. ഇന്നലകളിലെ ചരിത്രത്തിൽ മലങ്കര സഭയുടെ വിശുദ്ധ മൂറോൻ കൂദാശയിൽ വൈദിക ട്രെസ്റ്റിമാർക്ക് മാത്രമായി നീക്കി വച്ചിരിക്കുന്ന ഒരു അവസരമല്ല അർക്കദിയോക്കോൻ സ്ഥാനം.ചരിത്രകാരന്മാർ എന്നെ ഓർമ്മിപ്പിച്ചു മലങ്കരസഭയിലെ കഴിഞ്ഞുപോയ മൂറോൻ കൂദാശകളിൽ രണ്ടേ രണ്ട്തവണ മാത്രമാണ് വൈദിക ട്രെസ്റ്റിമാർ അർക്കദിയോക്കോൻ സ്ഥാനം വഹിച്ചത്.ഒന്ന് ഇപ്പോഴത്തെ റീശ് കോർ -എപ്പിസ്കോപ്പാ ബഹു. ജോൺസ് എബ്രഹാം കോനാട്ട് അച്ചൻ വൈദിക ട്രെസ്റ്റി ആയിരുന്നപ്പോഴും ,അതിനു ശേഷം എനിക്കുമാണ് ആ ഭാഗ്യം സിദ്ധിച്ചത്.അത് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ത്രിതീയൻ ബാവാ തിരുമേനി എനിക്ക് നൽകിയ വലിയ അംഗീകാരമായി ഞാൻ കരുതുന്നു.ഈ കഴിഞ്ഞ നാളുകളിൽ ഞാൻ നടത്തിയ ശുശ്രൂഷയെ പരിശുദ്ധ പിതാവ് പൂർണ്ണമായും മാനിച്ചു എന്ന ആത്മവിശ്വാസം എന്നിൽ ഉണ്ടായി.
ഈ വലിയ സ്ഥാനം വഹിക്കുവാൻ എന്നെക്കാൾ യോഗ്യതയുള്ള നിരവധി വൈദികർ ഈ സഭയിൽ ഉണ്ട് എന്നതിന് തർക്കമില്ല. എങ്കിലും ദൈവത്തിന്റെ മഹാ കരുണയിൽ ഈ ചരിത്രപരമായി,ആരാധനാപരമായി പ്രാമുഖ്യമുള്ള അർക്കദിയോക്കോൻ സ്ഥാനം വഹിക്കുവാൻ എന്നെ തിരഞ്ഞെടുത്തത് ഒരു അവിസ്മരണീയമായ മുഹൂർത്തമായി ഞാൻ കരുതുന്നു. അതിനു
എത്ര നന്ദി പറഞ്ഞാലും തീരില്ല. ഈ ജന്മം മുഴുവനും അതിനു നന്ദി പറയുവാൻ പര്യാപ്തമാണെന്ന് ഞാൻ കരുതുന്നുമില്ല. വളരെ കരുതലോടെ സ്നേഹത്തോടെ ഈ വലിയ ഉത്തരവാദിത്വം എന്നെ ഏൽപ്പിച്ച പരിശുദ്ധ ബാവ തിരുമേനിയോടുള്ള നിസീമമായ നന്ദി, കടപ്പാട് ഞാൻ അറിയിക്കുന്നു.പരിശുദ്ധ പിതാവിനോടൊപ്പം ശുശ്രൂഷിച്ച വന്ദ്യനായ റീശ് കോർ-എപ്പിസ്കോപ്പാ അച്ചനോടും ,ബൈജു ജോൺസൻ അച്ചനോടും ഒക്കെ ഉള്ള എന്റെ നന്ദി വളരെ വലുതാണ്.
ഈ ശ്രേഷ്ഠമായ കൂദാശ പരിശുദ്ധ ആത്മാവിന്റെ നിറവിന്റെ ശിശ്രൂഷ ആകുമ്പോൾ തന്നെ,അത് പരിശുദ്ധ സഭയുടെ സ്വാതന്ത്ര്യത്തിന്റെ നിറവിന്റെ പൂർത്തീകരണം കൂടിയാണ്.സഭയിൽ നടത്തിയ വിശുദ്ധ മൂറോൻ കൂദാശയിൽ വിദേശ സഭാ പ്രതിനിധികൾ പങ്കെടുത്തു എന്നുള്ളതും വളരെ അഭിമാനകരമായ മുഹൂർത്തം ആണ്. ഓറിയന്റൽ കുടുംബത്തിൽപ്പെട്ട സഭാപിതാക്കന്മാരുടെ സാന്നിധ്യം എടുത്ത് പറയേണ്ടതാണ്.കാരണം അത് ചരിത്രമാണ്.എത്രമാത്രം ആദരവോടെ ഓറിയന്റ്ൽ സഭാ കുടുംബം മലങ്കര സഭയുടെ വിശുദ്ധ മൂറോൻ കൂദാശയെ കാണുന്നു എന്നതിന്റെ ഉദാഹരണം കൂടിയാണ്.വിദേശ സഭയിലെ പിതാക്കൻമാർ മലങ്കരയുടെ കാതോലിക്കാ മുഖ്യകാർമ്മികത്വം വഹിച്ച ആ കൂദാശയിൽ പൂർണ്ണ അംശവസ്ത്രധാരികളായി അവർ സഹകാർമ്മികരാകുമ്പോൾ അത്
സഭയുടെ സ്വാതന്ത്ര്യം ഔന്നത്യത്തിന്റെ നെറുകയിലായ ഒരു അനുഭവമായി മാറുന്നു .മലങ്കര സഭ കാണുന്ന സഭയുടെ വിദേശി-സ്വദേശി എന്ന വ്യത്യാസം കൂടാതെ എല്ലാ പിതാക്കന്മാർക്കും പൂർണ്ണ നിറവോട് കൂടി സഭയുടെ സ്വാതന്ത്ര്യത്തെ അംഗീകരിച്ചുകൊണ്ട് ആദരവോടെയും, ബഹുമാനത്തോടെയും എല്ലാ ശുശ്രൂക്ഷയിലും പങ്കുചേരുവാൻ കഴിയും എന്നതാണ് മലങ്കര സഭയുടെ സ്വാതന്ത്രത്തിന്റെ ലക്ഷണം.ആ സ്വാതന്ത്രം അതിന്റ നിറവിൽ ഇപ്രാവശ്യത്തെ വിശുദ്ധ മൂറോൻ കൂദാശയിൽ പ്രകടമായി എന്നതോർത്ത് ദൈവത്തെ സ്തുതിക്കുന്നു. വിശുദ്ധ മൂറോൻ കൂദാശയുടെ ഭംഗിയായ നടത്തിപ്പിനായും, പരിശുദ്ധാത്മ നിറവിനായും സഭാമക്കൾ കണ്ണുനീരോടെ പ്രാർത്ഥിച്ചിരുന്നു, സഭാപിതാക്കന്മാർ കണ്ണുനീരോടെ പ്രാർത്ഥിച്ചിരുന്നു. ഈ പ്രാർത്ഥനക്ക്
ദൈവം ഉത്തരമരുളി, ദൈവം മലങ്കര സഭയെ കടാക്ഷിച്ചു. പുണ്യവതിയായ ഈ സഭയെ അവിടുത്തെ പരിശുദ്ധാത്മ നൽവരത്താൽ നിറച്ചു.ദൈവത്തിന് സ്തുതി,ദൈവത്തിന് നന്ദി, ദൈവനാമം മഹത്വപ്പെടട്ടെ.
ഫാ ഡോ. തോമസ് വർഗീസ് അമയിൽ
വൈദിക ട്രസ്റ്റി

വാദേ ദൽമീനോ ശുശ്രൂഷ.
പത്ത് കന്യകമാരുടെ ഉപമയെ ആസ്പദമാക്കിക്കൊണ്ട്, പീഡാനുഭവ ആഴ്ചയുടെ ആരംഭത്തിൽ (തിങ്കളാഴ്ച സന്ധ്യ – ഞായറാഴ്ച്ച സന്ധ്യക്ക്) ദൈവാലയങ്ങളിൽ നടത്തുന്ന ശുശ്രൂഷയാണ് വാദേ ദൽമീനോ. ‘തുറമുഖത്തേക്ക് അടുക്കുക’ എന്ന അർത്ഥത്തിൽ നടത്തുന്ന ഈ ശുശ്രുഷയിൽ ദീപങ്ങൾ എടുത്തുകൊണ്ട് മണവാളനെ എതിരേൽക്കുന്നതിനുള്ള ഒരുക്കമായി വിശ്വാസികൾ കത്തിച്ച തിരികളുമായി ദൈവാലയത്തിനുള്ളിലേക്ക് പ്രവേശിക്കും.
ഉയിർപ്പാകുന്ന തുറമുഖത്തേക്ക് ബുദ്ധിമതികളായ കന്യകമാരെപ്പോലെ നമ്മളും ദീപം തെളിയിച്ചുകൊണ്ട് പ്രവേശിക്കണമെന്നു നമ്മെ ഇത് ഓർപ്പിക്കുന്നു.
‘വാതിലുകളെ നിങ്ങളുടെ തലകളെ ഉയർത്തുവിൻ’ എന്ന വേദഭാഗം ചൊല്ലികൊണ്ട് മഹാ പുരോഹിതൻ /വൈദികർ മൂന്ന് പ്രാവശ്യം പള്ളിയുടെ പടിഞ്ഞാറേ വാതിലിൽ സ്ലീബാ കൊണ്ട് മുട്ടി വാതിൽ തുറന്ന് കത്തിച്ചുപിടിച്ച മെഴുകുതിരികൾളേന്തിയ വിശ്വാസികൾക്ക് ഒപ്പം പള്ളിക്കുള്ളിൽ പ്രവേശിക്കുന്നതാണ് ശുശ്രൂഷ.
വാർത്ത : ബിജു മെഴുവേലി, ഷൈനി തോമസ്