ക്രിസ്തുമസ് പ്രകാശത്തിന്റെ ഉത്സവം: സുനിൽ കെ.ബേബി മാത്തൂർ

“ഇന്ന് നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു, ഇന്ന് നമുക്ക് ഒരു പുത്രൻ നൽകപ്പെട്ടിരിക്കുന്നു, ആധിപത്യം അവന്റെ തോളിൽ ഇരിക്കും. അവൻ അത്ഭുതമന്ത്രി, വീരനാംദൈവം, നിത്യപിതാവ്, സമാധാന പ്രഭു എന്ന് പേർവിളിക്കപ്പെടും”.
വീണ്ടും ഒരു ക്രിസ്തുമസ് കൂടി വന്നണയുകയായി. ആർഭാട ലഹരിയിൽ ആഘോഷങ്ങളായി മാത്രം മാറിയിരിക്കുന്ന ഈ കാലഘട്ടത്തിൽ ക്രിസ്തുമസിന്റെ പ്രസക്തി വളരെയാണ്. സഹജീവികളെ സ്നേഹിക്കുവാനും അവർക്കായി ഉരുകി തീരുവനും തന്റെ പ്രവർത്തിയിലൂടെ നമ്മെ പഠിപ്പിച്ച ലോക രക്ഷകന്റെ തിരുപിറവി വെറും ആഘോഷമായി മാറുമ്പോൾ നാം ഒരു പുനർവിചിന്തനം നടത്തേണ്ട സമയമാണ്. യേശു ക്രിസ്തു ജനിക്കേണ്ടത്‌ നമ്മുടെ ഉള്ളിലാണ്. എങ്കിൽ മാത്രമേ ക്രിസ്ത്യാനി എന്ന പേരിനു നമുക്ക് അര്ഹതയുള്ളൂ. അങ്ങനെ ആകുമ്പോൾ ക്രിസ്തുവിനായി ജീവിതം മാറ്റപ്പെടും. ക്രിസ്തുവിന്റെ അനുകാരി എന്ന ലേബലിൽ കവിഞ്ഞു അദ്ദേഹം നയിച്ച ജീവിതത്തിന്റെ ഒരംശമെങ്കിലും സ്വാംശീകരിക്കുവാനും പ്രാവർത്തികമാക്കാനും സാധിക്കുന്നുണ്ടോ? ആത്മപരിശോധന നടത്തേണ്ട സമയമാണിത്. പാപത്തിൽ കഴിഞ്ഞിരുന്ന ലോകജനതയെ രക്ഷിക്കുവാനായി പാവപ്പെട്ടവരിൽ പാവപ്പെട്ടവനായി ജന്മമെടുത്തു. അവരുടെ പാപങ്ങൾ ഏറ്റെടുത്തു തന്റെ ജീവൻ മറുവിലയായി നൽകി മാനവരാശിയെ വീണ്ടെടുത്തു. ഇത്ര വലിയ സ്നേഹം എവിടെ കാണാൻ സാധിക്കും! തന്റെ ഏകജാതനായ പുത്രനെ നൽകുവാൻ തക്കവണ്ണം പിതാവായ ദൈവം ലോകത്തെ സ്നേഹിച്ചു. പ്രസംഗവും പ്രവർത്തിയും തമ്മിൽ യാതൊരു ബന്ധവുമില്ലാത്ത ഇക്കാലത്ത്, പ്രവർത്തിയിലൂടെ പ്രസംഗിച്ച അരുമനാഥന്റെ മാതൃക നാം സ്വീകരിക്കേണ്ടതാണ്.
ക്രിസ്തുമസ് എന്നത് പ്രകാശത്തിന്റെ ഉത്സവമാണ്. അന്ധകാരത്തിൽ കഴിഞ്ഞിരുന്ന ജനതയെ പ്രകാശത്തിലേക്ക് നയിച്ച മഹോത്സവം. യേശുവിന്റെ ജനനത്തിന്റെ ആദ്യ സാക്ഷികൾ ആകാശത്തിൽ ഉദിച്ച നക്ഷത്രങ്ങളാണ്. ആ നക്ഷത്രത്തിന്റെ പ്രകാശത്തിലൂടെ കടന്നു വന്നവരാണ് ശിശുവിനെ ആദ്യം കണ്ടതും തിരിച്ചറിഞ്ഞതും. ഇരുളിലും മരണ നിഴലിലും കഴിഞ്ഞ ജനത, പ്രകാശം കണ്ടു എന്നാണ് സുവിശേഷ സാക്ഷ്യം. ആകാശത്ത് തെളിയുന്ന നക്ഷത്രങ്ങളുടെ അസ്തമിക്കാത്ത പ്രകാശം ജീവിതലക്ഷ്യവും മാർഗവുമാക്കുന്നതിനാണ് ഭൂമിയിൽ നക്ഷത്ര വെളിച്ചം തൂകി യേശുവിന്റെ ജനനത്തെ നാം വരവേൽക്കുന്നത്. ഭൂമിയിൽ, യേശുവിന്റെ ജീവിത സാക്ഷ്യം മറ്റുള്ളവരുടെ മുൻപിൽ കാണിച്ചു കൊടുക്കുക എന്നതാണ് ക്രൈസ്തവന്റെ ദൌത്യം. അത് അത്ര എളുപ്പമുള്ള കാര്യമല്ല. വാതിൽ ഞെരുക്കമുള്ളതും വഴി ഇടുങ്ങിയതുമാണ്‌. ഇതിനുള്ള പരിശീലനമാണ് നോമ്പുകാലം. ആഹാര നിയന്ത്രണത്തിലുപരി ജീവിതത്തിൽ അടുക്കും ചിട്ടയും വരുത്തി ആന്തരികവും ബാഹ്യവുമായ ജീവിതത്തെ ഒരുക്കിയെടുക്കുന്ന കാലമാണത്.
പുറത്ത് പ്രകാശവും അകത്തു ഇരുട്ടും നിറഞ്ഞ വെള്ള തേച്ച ശവക്കല്ലറകളായി നാം മാറരുത്. പുറം പോലെ അകവും പ്രകാശ പൂർണ്ണമായിരിക്കണം. ആ പ്രകാശം നമ്മുടെ പ്രവർത്തിയിലൂടെ മറ്റുള്ളവർക്ക് കാണിച്ചു കൊടുക്കണം. അപ്പോഴാണ് നമ്മുടെ പ്രകാശം പൂർണ്ണമാകുന്നത്. “നിങ്ങൾ ലോകത്തിന്റെ വെളിച്ചമാകുന്നു” എന്ന വേദവാക്യത്തിന്റെ പ്രസക്തി ഇവിടെയാണ്. “അവങ്കലേക്ക്‌ നോക്കിയവർ പ്രകാശിതരായി, അവരുടെ മുഖം ലജ്ജിച്ചു പോയതുമില്ല”. പ്രകാശത്തിലേക്ക് നാം കടന്നു വരുമ്പോൾ നാമും പ്രകാശിതരായി തീരും. വിശക്കുന്നവനു ആഹാരവും, ദാഹിക്കുന്നവനു കുടിനീരും, ഏകാകിക്ക് ചെങ്ങാതിയും, രോഗിക്ക് ആശ്വാസവും പ്രദാനം ചെയ്യുന്നതാണ്‌ യഥാർത്ഥ ക്രിസ്ത്യാനിയുടെ കർമ്മം. നമ്മുടെ തീന്മേശ സമൃദ്ധമായിരിക്കുകയും, അയൽക്കാരൻ വിശന്നു മരിക്കുകയും ചെയ്യുമ്പോൾ നാം യഥാർത്ഥത്തിൽ യേശുവിനെ തള്ളി പറയുകയാണ്.
സന്തോഷിക്കുന്നവനോടൊപ്പം സന്തോഷിക്കുവാനും, ദു:ഖിക്കുന്ന വനോടൊപ്പം ദു:ഖിക്കുവാനും നമുക്ക് സാധിക്കണം. അതാണ് ക്രിസ്തുമസ് നൽകുന്ന ദൂത്. പ്രസംഗമല്ല പ്രവർത്തിയാണ് പ്രധാനം.

Related posts