
ശതോത്തര സുവർണജൂബിലി നിറവിൽ മലങ്കരസഭയുടെ തുമ്പമൺ ഭദ്രാസനം.
പത്തനംതിട്ട : മലങ്കര ഓർത്തഡോക്സ് സഭയുടെ പുരാതന ഭദ്രാസനങ്ങളിലൊന്നായ തുമ്പമൺ ഭദ്രാസനം ആത്മീയതയുടെയും, പ്രതിബദ്ധതയുടെയും 150 വർഷങ്ങൾ പൂർത്തിയാക്കുന്നു. ഒരു വർഷം നീണ്ടുനിൽക്കുന്ന ശതോത്തര സുവർണജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഫെബ്രുവരി 8ന് നടക്കുമെന്ന് ഭദ്രാസനാധിപൻ ഡോ.ഏബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത പറഞ്ഞു. ഉച്ചക്ക് 2.30ന് മാക്കാംകുന്ന് സെന്റ് സ്റ്റീഫൻസ് കത്തീഡ്രൽ അങ്കണത്തത്തിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവായുടെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനം കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും.വിവിധ ചാരിറ്റി പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിക്കും.കുര്യാക്കോസ് മാർ ക്ലിമീസ് വലിയമെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തും.
മലങ്കര കത്തോലിക്ക സഭ പത്തനംതിട്ട രൂപതാധ്യക്ഷൻ ഡോ.സാമുവൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്താ, ആന്റോ ആന്റണി എം.പി, അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ എന്നിവർ പ്രസംഗിക്കും. കൾച്ചറൽ ഫെസ്റ്റ് ലോഗോ നഗരസഭ ചെയർമാൻ അഡ്വ.സക്കീർ ഹുസൈൻ പ്രകാശനം ചെയ്യും. മെത്രാപ്പോലീത്താമാരായ ഡോ. മാത്യൂസ് മാർ തീമോത്തിയോസ്, ഡോ.ജോസഫ് മാർ ദിവന്നാസിയോസ്, ഡോ.ജോഷ്വാ മാർ നിക്കോദിമോസ്, ഡോ.സഖറിയാസ് മാർ അപ്രേം, വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വർഗീസ് അമയിൽ, അൽമായ ട്രസ്റ്റി റോണി വർഗീസ് എന്നിവരും പങ്കെടുക്കും.പത്തനംതിട്ടയിൽ നടന്ന വാർത്താസമ്മേളനത്തിൽ ഭദ്രാസന സെക്രട്ടറി ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്കോപ്പ, ഫാ.ബിജു തോമസ്, ഫാ.ബിജു മാത്യൂസ് എന്നിവർ പങ്കെടുത്തു.
ജൂബിലി വർഷം നടപ്പാക്കുന്നത് രണ്ട് കോടി രൂപയുടെ ക്ഷേമപ്രവർത്തനങ്ങൾ : ഡോ ഏബ്രഹാം മാർ സെറാഫിം
തുമ്പമൺ ഭദ്രാസനത്തിന്റെ ശതോത്തര രജത ജൂബിലിയോട് അനുബന്ധിച്ച് സമൂഹത്തിൽ ദുരിതം അനുഭവിക്കുന്നവർക്കായി 2 കോടി രൂപയുടെ ക്ഷേമപ്രവർത്തനങ്ങളാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഒരു കോടി രൂപയുടെ ഭവനനിർമ്മാണ സഹായം, ചികിത്സാ, വിവാഹസഹായം, 15സമൂഹ വിവാഹം, 150 പേർക്ക് വിധവാ പെൻഷൻ, എല്ലാ മാസവും 150 പേർക്ക് ഭക്ഷ്യക്കിറ്റ് വിതരണം തുടങ്ങിയ വിവിധ ക്ഷേമപദ്ധതികൾ നടപ്പാക്കും. ഇതിന് പുറമേ പ്രവാസി സംഗമം, അധ്യാപക സംഗമം, വിദ്യാർഥിസംഗമം, യുവസംരംഭക സംഗമം, പ്രഫഷണൽ മീറ്റ്, സഭാകവി സി.പി. ചാണ്ടി അനുസ്മരണം, ഡോക്യുമെന്ററി,സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രതിഭതെളിയിച്ച സഭാംഗങ്ങളെ ആദരിക്കൽ, സാമൂഹിക ഐക്യം വിളംബരം ചെയ്യുന്ന പത്തനംതിട്ട ഫെസ്റ്റ് എന്നിവ നടക്കും.

പരിശുദ്ധ മലങ്കര സഭയുടെ പബ്ലിക് റിലേഷൻസ് സെൻ്റർ എറണാകുളത്ത്.2025 ഫെബ്രുവരി 6 ന് ഉച്ചതിരിഞ്ഞ് 3 മണിക്ക് മലങ്കര സഭയുടെ പരമാദ്ധ്യക്ഷനായ പരി. മോറാൻ മാർ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ കൂദാശ നിർവ്വഹിക്കുന്നു.

കൊടുങ്ങല്ലൂരിൽ ഉയരുന്നു മാർത്തോമ്മൻ സ്മൃതി മന്ദിരം. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവായുടെ മുഖ്യകാർമ്മികത്വത്തിൽ 2025 ഫെബ്രുവരി 6ന് രാവിലെ 11 മണിക്ക് ശിലാസ്ഥാപനം നടക്കും. അഭിവന്ദ്യ പിതാക്കന്മാരും സഭാസ്ഥാനികളും പങ്കെടുക്കും.

സുവർണജൂബിലി നിറവിൽ ബോംബെ ഭദ്രാസനം.ആഘോഷങ്ങൾ മഹാരാഷ്ട്ര മന്ത്രി ഗണേശ് നായിക് ഉദ്ഘാടനം ചെയ്തു.
മുംബൈ : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ബോംബെ ഭദ്രാസനത്തിന്റെ സുവർണജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും, പതിനൊന്നാമത് കൺവൻഷന്റെ സമാപനവും മഹാരാഷ്ട്ര വനംവകുപ്പ് മന്ത്രി ഗണേശ് നായിക് ഉദ്ഘാടനം ചെയ്തു. ഭദ്രാസനമെത്രാപ്പോലീത്താ ഗീവർഗീസ് മാർ കൂറിലോസ് സമ്മേളനത്തിന്റെ അധ്യക്ഷത വഹിച്ചു. നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പോലീത്താ ഡോ സഖറിയാ മാർ നിക്കോളവോസ്, ബോംബെ ഭദ്രാസന സഹായ മെത്രാപ്പോലീത്താ ഡോ ഗീവർഗീസ് മാർ തെയോഫിലോസ്, റഷ്യൻ ഫെഡറേഷന്റെ മുംബൈയിലെ കോൺസൽ ജനറൽ ഇവാൻ.വൈ.ഫെറ്റിസോവ്,വൈദികസംഘം സെക്രട്ടറി ഫാ ജോഷ്വാ എബ്രഹാം,ഭദ്രാസന സെക്രട്ടറി ഫാ തോമസ് കെ.ചാക്കോ, കൺവൻഷൻ ജനറൽ കൺവീനർ ഫാ.ഏബ്രഹാം ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.
ഫാ.ഡോ.നൈനാൻ വി ജോർജ് ആത്മീയ സന്ദേശം നൽകി.ഭദ്രാസന ഗായകസംഘം ഗാനങ്ങൾ ആലപിച്ചു. താനെ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളിയിലെ ഒ.സി.വൈ.എം പ്രവർത്തകർ മാർഗംകളി അവതരിപ്പിച്ചു.

മലങ്കര ഓർത്തഡോക്സ് സഭയുടെ അങ്കമാലി ഭദ്രാസന ആസ്ഥാനമായ ആലുവ തൃക്കുന്നത്തു സെമിനാരിയിൽ പ്രാർത്ഥനയ്ക്കെത്തിയ മഞ്ഞിനിക്കര തീർത്ഥാടകരെ സ്വീകരിച്ചു.
തൃക്കുന്നത്ത് സെമിനാരി മാനേജർ ഫാ.റിജോയുടെ നേതൃത്വത്തില്‍ തീര്‍ത്ഥാടകരെ സ്വീകരിച്ചു. തൃക്കുന്നത്ത് സെമിനാരി യിലെ പ്രാര്‍ത്ഥനയിലും, പിതാക്കന്മാരുടെ കബറുകളിലെ ധൂപപ്രാര്‍ത്ഥനയിലും സംബന്ധിച്ച് സെമിനാരിയിലെ സ്നേഹ സല്‍ക്കാരവും സ്വീകരിച്ചാണ് തീര്‍ത്ഥാടകർ യാത്ര തുടർന്നത്.

മലങ്കര ഓർത്തഡോക്സ് സഭ ഭവനനിർമ്മാണ സഹായ വിതരണം 24ന്
സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന 100 കുടുംബങ്ങൾക്ക് ഓർത്തഡോക്സ് സഭ നൽകുന്ന ഭവന നിർമ്മാണ സഹായ വിതരണം 24ന് കോട്ടയത്ത് നടക്കും. മലങ്കരസഭാ ഭാസുരൻ പരിശുദ്ധ വട്ടശ്ശേരിൽ ഗീവർഗീസ് മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്തയുടെ 91-ാം ഓർമ്മദിനത്തോട് അനുബന്ധിച്ച് കോട്ടയം പഴയ സെമിനാരിയിലാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്.രാവിലെ 10 മണിക്ക് മലങ്കരസഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ സഹായ പദ്ധതിയുടെ വിതരണോദ്ഘാടനം നിർവഹിക്കും.
പദ്ധതിയുടെ അവലോകന യോഗം കോട്ടയം ദേവലോകം അരമനയിൽ നടന്നു. ഭവന നിർമ്മാണ സഹായ സമിതി പ്രസിഡൻ്റ് എബ്രഹാം മാർ എപ്പിഫാനിയോസ് മെത്രാപോലീത്തായുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, കൺവീനർ ജിജു വർഗീസ്, സമിതി അംഗങ്ങളായ ഫാ. ജേക്കബ് ഫിലിപ്പ്, എൻ.എ അനിൽ മോൻ, കോശി ഉമ്മൻ, പൈലി വാത്യാട്ട്, സി.കെ. റെജി, ഷാലു ജോൺ , ജേക്കബ് കോച്ചേരി, സിബി ജോൺ, സുനിൽ പി. ഉമ്മൻ,എന്നിവർ പ്രസംഗിച്ചു.
സഹായാ വിതരണവുമായി ബന്ധപ്പെട്ട് അറിയിപ്പ് ലഭിച്ചിട്ടുള്ളവർ 24 ന് രാവിലെ 9 മണിക്ക് പഴയ സെമിനാരിയിൽ എത്തിച്ചേരണമെന്ന് കൺവീനർ ജിജു വർഗീസ് അറിയിച്ചു.

ചെങ്ങന്നൂർ ഭദ്രാസന ഫെസ്റ്റ് 2025 ഫെബ്രുവരി മാസം 26 തീയതി ബുധനാഴ്ച നടത്തുന്നതിന്റെ ക്രമീകരണം ചെയ്തുവരികയാണ്, ആയതിന്റെ പന്തൽ കാൽനാട്ടുകർമ്മം നാളെ വൈകിട്ട് 4.30ന് ബഥേൽ അരമനയിൽ വച്ച് അഭിവന്ദ്യ ഇടവക മെത്രാപ്പോലീത്ത തിരുമനസ്സുകൊണ്ട് നിർവഹിക്കുന്നു.
വാർത്ത : ബിജു മെഴുവേലി, ഷൈനി തോമസ്