നിയമവിരുദ്ധ നിലപാടും , അന്ധമായ ഓർത്തഡോക്സ് സഭാ വിരോധവും കേരള സഭയുടെ വിനാശത്തിന് കാരണമാകും
ശരിയായ അല്ലെങ്കിൽ സത്യമായ എന്നർത്ഥമുള്ള ഓർത്തോസ്, വിശ്വാസം, സ്തുതി , പുകഴ്ച എന്നൊക്കെ അർത്ഥം വരുന്ന ‘ ഡോക്സോസ്’ എന്നീ ഗ്രീക്ക് പദങ്ങൾ ചേർന്നാണ് സ്തുതി ചൊവ്വക്കപെട്ട വിശ്വാസം അഥവാ സത്യ വിശ്വാസം, ശരിയായ സ്തുതിപ്പ് എന്നൊക്കെ അർത്ഥമുള്ള ‘ ഓർത്തഡോക്സ്’ എന്ന പദം രൂപം കൊണ്ടത്.
ഇതൊക്കെ ഇപ്പോൾ സൺഡേസ്കൂൾ കുഞ്ഞുങ്ങൾക്ക് പോലും അറിയുന്ന കാര്യങ്ങളാണ് . ഓർത്തഡോക്സ് എന്ന വാക്കിന്റെ അർത്ഥവും, വ്യാപ്തിയും ആഴവും അറിയാതെ ശത്രുത മനോഭാവത്തോടെ ‘ ഓർത്തഡോക്സ് ‘ എന്ന പേര് കേൾക്കുമ്പോൾ തന്നെ വല്ലാത്ത ഒരു വിരോധവും, തെറ്റായ വിമർശങ്ങളും, അനാവശ്യ വിവാദങ്ങളും സോഷ്യൽ മീഡിയയിലും, പൊതു സമൂഹത്തിലും മറ്റ് വാർത്ത ഇടങ്ങളിലും ഒക്കെ അധികരിക്കുന്നതായി ശ്രദ്ധയിൽപ്പെടുന്നത് കൊണ്ടും ഇവയുടെ ആധാരം നൂറ്റാണ്ടുകൾ പഴക്കമുള്ള മലങ്കര സഭാ കേസ് ആണ് എന്നതും മനസിലാക്കിയതും കൊണ്ടും ആണ് ഇങ്ങനെ ഒരു എഴുത്തിന് മുതിരുന്നത് .
മലങ്കര ഓർത്തഡോൿസ് സഭ ഭാരതത്തിന്റെ മഹത്തായ സംസ്ക്കാരം ഉയർത്തിപ്പിടിക്കുന്ന ഒരു ദേശിയ സഭയാണ് . യേശുതമ്പുരാന്റെ അരുമശിഷ്യനും , ത്വാത്തികനും , ജ്ഞാനിയും , വിശുദ്ധനും, ഭാഗ്യവാനുമായ വി. മാർത്തോമാ ശ്ളീഹാ സ്ഥാപിച്ച് ഭരമേല്പിച്ച സഭയാണ് ഈ ഭാരത സഭാ അഥവാ മലങ്കര സഭാ . ഇത് കർത്തവായ യേശുക്രിസ്തുവിൽ വിശ്വസിക്കുന്നവരും , അവിടുത്തെ ശിഷ്യന്മാരെ ബഹുമാനിക്കുന്നവരുമായ എല്ലാ വിഭാഗങ്ങളൂം വിശ്വസിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന സത്യമാണ് . ഈ അടുത്ത കാലത്ത് വി. മാർത്തോമ്മാ ശ്ളീഹായോടുള്ള അടുപ്പവും, ആദരവും പലർക്കും കൂടി വരുന്നുണ്ട് എങ്കിലും ചിലരുടെ തന്ത്രവും അജ്ഞത മൂലവും വി. മാർത്തോമ്മാ ശ്ളീഹായ്ക്ക് പട്ടത്വം ഇല്ല എന്ന് പറഞ്ഞപ്പോൾ അതിനെ സിംഹ ഗർജനത്തോടെ എതിർത്ത ഏക സഭാ ഈ മലങ്കര ഓർത്തഡോക്സ് സഭാ മാത്രം ആയിരുന്നു എന്നതും ഈ വി. സഭയും മാർത്തോമൻ പൈതൃകവും മറ്റാരേക്കാളും അവകാശപ്പെടുവാൻ കഴിയുന്നത് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭക്ക് മാത്രം ആണ് എന്നതിന് ഒരു ഉദാഹരണം മാത്രം . ഇന്നിപ്പോൾ മലങ്കരയിൽ ‘ മാർത്തോമ്മായുടെ പിൻഗാമികളെ’ തട്ടി നടക്കാൻ കഴിയാത്ത സ്ഥിതി ആയിരിക്കുന്നു എന്ന് അല്പം കടുപ്പം ഉള്ള ഭാഷ എങ്കിലും പറയാതിരിക്കാൻ തരമില്ല . അതാണ് സ്ഥിതി . ഒരു കാലത്ത് ‘ മാർത്തോമ്മാ ഒരു കപ്യാര് പോലും അല്ല’ എന്ന് പറഞ്ഞവർ ആ വിശുദ്ധൻ്റെ പിൻമുറയിലെ അവസാന പൗരോഹിത്യ കണ്ണിയെന്നും , പിൻഗാമി എന്നൊക്കെ പറഞ്ഞു പുതിയ വേഷത്തിലും ഭാവത്തിലും വിരാജിക്കുമ്പോൾ ഊറി ചിരിക്കുന്ന സ്ഥിരമാനസർക്ക് ഒപ്പം ചിരിക്കുവാൻ അല്ലാതെ മറ്റൊന്നിനും കഴിയുന്നില്ല . നവോത്ഥാനത്തിന്റെ വക്താക്കളയായി സത്യവിശ്വാസത്തിൽ വെള്ളം ചേർക്കാൻ വന്നവരെ പടിയടച്ച് പിണ്ഡം വെച്ച ചേപ്പാട് മാർ ദിവന്നാസിയോസ് പിതാവിനെ മുൻഗാമിയായി വാഴ്ത്തി പാരമ്പര്യം പ്രഖ്യാപിച്ചതിലും വലുതല്ലല്ലോ ഇത് ഒന്നും എന്ന് ആരെങ്കിലും പറഞ്ഞാൽ മൗനം തന്നെ ഭൂഷണം എന്ന് പറയുകയേ നിവർത്തി ഒള്ളു .
പറഞ്ഞു വന്നത് അന്തമായ ഓർത്തഡോൿസ് സഭാ വിരോധവും , നിയമ വിരുദ്ധ നിലപാടും വിദൂര ഭാവിയിൽ കേരള സഭയിൽ ചെറുതല്ലാത്ത ഉലച്ചിൽ ഉണ്ടാക്കും എന്നതിൽ തർക്കമില്ല . അതിന്റെ ലക്ഷങ്ങൾ ഇപ്പോൾ തന്നെ കണ്ടു തുടങ്ങിയിരിക്കുന്നു . മധ്യപൂർവ്വ ഏഷ്യയിലെ ഇന്നത്തെ സ്ഥിതി അത്ര സുഖകരമല്ല എന്നത് ഏവർക്കും അറിയുന്ന കാര്യമാണ് . അവിടെ സഭകളുടെ അതിജീവനം ദിനംപ്രതി ദുഷ്കരമായി വരുന്നു . പുതിയ സാഹചര്യത്തിൽ ഒന്നിൽ അധികം സഭാ തലവന്മാർ ഒരു സഭക്ക് മുകളിൽ ഉണ്ടാകുന്ന പഴയ ചരിത്രം ആവർത്തിക്കില്ല എന്ന് കരുതാൻ ആവില്ല. അലക്സാത്രിയൻ ദൈവശാസ്ത്രവും , അന്ത്രോക്യൻ ആരാധന രീതിയും ഓർത്തഡോൿസ് സഭ തുച്ഛികരിച്ച് കാണുന്നില്ല എന്ന് മാത്രമല്ല നിയമാനുസൃതം ആയ അർഹിക്കുന്ന ബഹുമാനം നൽകുന്നതിൽ മടിക്കുന്നതും ഇല്ല . എന്നാൽ മാർത്തോമ്മാ ശ്ളീഹായുടെ പൈതൃകം അവകാശപ്പെടുകയും ഭാരത നിയമത്തെയും സഭാ ഭരണഘടനയെയും പരസ്യമായി ലംഘിക്കുകയും , ഒരു വിദേശസഭക്ക് ഭാരത സഭയുടെ മേൽ അധികാരം ഉണ്ട് എന്ന് വരുത്തി തീർക്കുവാൻ ബോധപൂർവ്വം ശ്രമിക്കുകയും ചെയ്യുമ്പോൾ അത് സഭയിൽ ഉണ്ടക്കുന്ന അരക്ഷിതാവസ്ഥ ചെറുതല്ല . ഒരു സഭയും മറ്റൊരു സഭയുടെ കീഴിലോ, മുകളിലോ അല്ല . അങ്ങനെ അതീശത്വം സ്ഥാപിച്ചു പിടിച്ചു എടുക്കുവാൻ കഴിയില്ല എന്ന് സഭയുടെ മുൻകാല ചരിത്രങ്ങൾ നമ്മെ പഠിപ്പിക്കുന്നു . ഒരിക്കലും സിംഹാസനം ഉറക്കാത്ത, ക്രിസ്ത്യാനിയുടെ പേരുപോലും പറയപ്പെടാൻ കഴിയാത്ത ഒറ്റപ്പെട്ടുപോയ ഒരു രാജ്യത്തെ സഭാതലവൻ സ്ഥാനമാനകൾക്ക് വേണ്ടി നിയമ വിരുദ്ധ ശ്രമങ്ങൾക്ക് കൂട്ട് നിക്കുകയും ചെയ്യന്നത് കുറ്റകരമായ നിയമ ലംഘനമാണ് . മലങ്കര സഭ അസോസോയേഷനോ , സഭാ സമധികളോ അറിയാതെ മേല്പട്ടക്കാരെ വഴിക്കുന്നതും , ജനാതിപത്യമര്യതകൾ മറന്ന് മുൻഗാമി ഏകപക്ഷിയമായി പിൻഗാമിയെ പ്രഖ്യാപിക്കുന്നതും , പൊതു സമ്മേളന വേദികളിൽ സഭയുടെ കീഴ് വഴക്കത്തിനും പാരമ്പര്യത്തിനും വിരുദ്ധമായി ‘ മലങ്കര മെത്രാപ്പോലീത്തയെ ? ‘ പ്രഖ്യാപിക്കുന്നതും ( അങ്ങനെ ആരെങ്കിലും എവിടെ എങ്കിലും വെച്ച് വിളിച്ച് പറഞ്ഞാൽ ഉറക്കുന്ന ഒരു സ്ഥാനം അല്ല മലങ്കര മെത്രാപ്പോലീത്ത എന്നത് അറിഞ്ഞിരിക്കണം ) ഇങ്ങനെ പിൻവാതിലൂടെ മെത്രാൻ വേഷധാരികൾ ആയി വരുന്നവർ മലങ്കര സഭയുടെ പള്ളികളിൽ പ്രവേശിക്കുന്നതുമാണ് പ്രശനങ്ങൾ ഉണ്ടാകുവാൻ ഉള്ള മറ്റൊരു കാരണം . ഈ നിയമ ലംഘനം ഇവിടുത്തെ രാഷ്രിയ പാർട്ടികളുടെ പക്ഷപാത നിപാടും, പിന്തുണയും മൂലം നിർവിഘ്നം ഇന്നും തുടരുന്നു . ഏത് സംവിധാനത്തിനും നിയമാനുസൃതമായ, ഭരണഘട അധിഷ്ഠിതമായ ക്രമീകരണം ഉണ്ടെങ്കിൽ മാത്രമേ അത് ശാശ്വതമായ സമാധാനത്തോടെ നിലനിൽക്കുയൊള്ളു . താൽക്കാലിക ലാഭത്തിന് വേണ്ടി വളയം ഇല്ലാതെ ചാടാൻ ശ്രമിക്കുമ്പോൾ ഉണ്ടാകുന്ന ഭവിഷത്തുകൾ നാം കണ്ടുകൊണ്ടിരിക്കുകയാണ് ..ഓർത്തോഡോസ് യാക്കോബായ വിഷയത്തിൽ നീതിയോ, നിയമമോ നോക്കാതെ പക്ഷം പിടിക്കുവാൻ വന്നവർ രണ്ടു ‘ തട്ടിൽ ‘ ആയി നിന്ന് പരസ്യമായി പോർവിളി നടത്തുന്നതും , വി. കുർബാനയെ പോലും അവഹേളിക്കുന്ന തരത്തിൽ സാമൂഹിക കലാപമായി മാറുന്നതും നാം കണ്ടുകൊണ്ടിരിക്കുന്നു . നിയമം പാലിക്കണം, വ്യവസ്ഥാപിത മാർഗ്ഗം എല്ലാവരും അംഗീകരിക്കണം എന്ന് ഇന്ന് അവർ വിളിച്ചു പറയുമ്പോൾ വിമത വിഭാഗം അവരുടെ മുൻ നിലപാടുകൾക്ക് നേരെ വിരൽ ചൂണ്ടുന്നത് കാലം കാത്ത്‌വെച്ച നീതി എന്നെ പറയാനൊള്ളൂ. നിയമമോ ഭരണഘടനയോ പാലിക്കാതെ അനാവശ്യമായി വിദേശ ഇടപെടീൽ ഉണ്ടായതു മൂലം കേളത്തിലെ ഒരു കൊച്ചു സഭ നാല് ഭാഗമാക്കി ഭിന്നിപ്പിക്കുന്നതും നാം കണ്ടു കഴിഞ്ഞു . ഊണിലും ഉറക്കത്തിലും അമ്മയെ മറന്നാലും ഒരു ക്രിസ്ത്യാനി പോലും ഇല്ലാത്ത നാടിനെ മറക്കില്ലെന്ന് നാഴികയ്ക്ക് 40 വട്ടം വിളിച്ചു പറഞ്ഞിരുന്നവർ ഇന്ന് ഭരണഘടനയുടെ അർത്ഥവും വ്യാപ്തിയും മനസ്സിലാക്കി വ്യവസ്ഥാപിത ഭരണസംവിധാനം ഉണ്ടാകുവാൻ പരിശ്രമിക്കുന്നു. 1934 ലെ ഭരണഘടനയുടെ പ്രാധാന്യം വിളിച്ചുപറയുന്നു. പ്രീണനം മാത്രം ലക്ഷ്യം വെച്ച് കേരളത്തിലെ എക്യുമിനിക്കൽ രാജാക്കന്മാർ ഓർത്തഡോൿസ് യാക്കോബായ പ്രശനത്തിൽ മുതലക്കണ്ണീർ ഒഴുക്കുകയും , പക്ഷം പിടിക്കുകയും , വേവലാതിപ്പെടുകയും ചെയ്തിട്ട് മറ്റു പല സഭാ വിഭാഗങ്ങളുടെയും ക്രൈസ്തവ സമൂഹത്തെ ലജ്ജിപ്പിക്കുന്ന പ്രവർത്തത്തിൽ കണ്ണടച്ചു ഇരുട്ടാക്കുന്നത് അവരുടെ നീതി ബോധത്തെ വെളിപ്പെടുത്തുന്നു . ഇതെല്ലം നിയമ വിരുദ്ധമായും ഭരണഘടനാ വിരുദ്ധമായും പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന ഭവിഷത്തുക്കൾ ആണ് .ഇത് ഭാവിയിൽ വരാൻ പോകുന്ന വലിയ ഭിന്നതയുടെയും , വിപത്തിന്റെയും ലക്ഷമാണ് എന്ന് കേരളത്തിലെ ക്രൈസ്തവ സമൂഹം തിരിച്ചറിയണം .
അലക്സാത്രിയൻ ദൈവശാസ്ത്രവും , അന്ത്യോക്യൻ ആരാധന രീതിയും പിന്തുടരുന്ന ഭാരതത്തിലെ സഭകൾ നിയമാനുസൃതം ഭരണഘടനയ്ക്ക് വിധേയമായി ഒരു ചട്ടക്കൂട്ടിൽ കഴിയേണ്ടതിന്റെ ആവശ്യം ഇത്തരം സാഹചര്യങ്ങളെല്ലാം വീണ്ടും വീണ്ടും വെളിപ്പെടുത്തുന്നു. എന്നാൽ സ്ഥാനമോഹികളായ ചിലരുടെ കുതന്ത്രങ്ങൾ മൂലം മരിചിക പോലെ ഈ സമാധാനവും ഒന്നിപ്പും നീണ്ടു പോകുന്നു.
എങ്ങനെ എങ്കിലും സമാധാനം , യോചിപ്പ് എന്നത് പ്രായോഗികമല്ല . അങ്ങനെ ഉള്ള സമാധാനം ആത്മാർത്ഥത ഉള്ളതോ, ശ്വാശതമോ ആവുകയില്ല. അന്നും ഇന്നും മലങ്കര ഓർത്തഡോൿസ് സഭക്ക് ഒരു നിലപാടെ ഉള്ളു. അത് ഭരണഘടനാ അടിസ്ഥാനമായി വ്യവസ്ഥാപിതമാർഗ്ഗത്തിലൂടെ ഉള്ള സമാധാനമാണ്. ഇന്ത്യയുടെ പരമോന്നത നീതിപീഠം അത് അരക്കിട്ടുറപ്പിച്ചു പറയുമ്പോൾ നിയമത്തെ അനുസരിക്കുന്ന ഏതൊരു ഇന്ത്യൻ പൗരനും അത് അനുസരിക്കുവാൻ ബാധ്യസ്ഥനാണ് . ഏത് വിധി ഉണ്ടായാലും അവയോട് എല്ലാം മലങ്കര സഭയുടെ നിലപട് ഒന്നുതന്നെയാണ് . ‘ ഭിന്നിപ്പിച്ച് ഭരിക്കുക ‘ എന്ന വിദേശ നയം ആത്മീയ നേതാക്കന്മാർക്ക് ഭൂഷണമല്ല . മാറുന്ന സാഹചര്യവും , പുതിയ തലമുറയെ കുറിച്ചുള്ള കാഴ്ച്പ്പാടും , സമാധാനപൂർണ്ണമായ അന്തീരീക്ഷവും , സഹജീവികളെ കുറിച്ചുള്ള കരുതലും മുൻ നിർത്തി ക്രിസ്തു ഭാവം പ്രതിഫലിപ്പിക്കുവാൻ സഭകൾക്ക് കഴിയണം .
ഈ അവസരത്തിൽ സി. എസ്. സക്കറിയ ചെമ്മങ്കുഴ അച്ചൻ്റെ എക്കാലവും പ്രസക്തമായ വാക്കുകൾ കൂടി ഉദ്ധരിച്ച് അവസാനിപ്പിക്കാം. മലങ്കരസഭയിലെ ഇരുകക്ഷികളും ഒരേ സഭയിലെ ഒരേ വിശ്വാസാചാര ങ്ങളുള്ളവരാണെന്നും സഭാവിഭജനവാദം തെറ്റാണെന്നും കക്ഷിനേതാക്കൾക്ക് തിട്ടമാണ്. തന്നിമിത്തം വിവാഹബന്ധത്തിനു കുഴപ്പമൊന്നുമില്ല. ആരുടെ പണവും നല്ലതാണ്. എന്നാൽ കുറെ ആളുകളെ അടിമകളെപ്പോലെ എന്നും തങ്ങളുടെ ചൊൽപ്പടിയിലാക്കാൻ കക്ഷിവൈരം ആചന്ദ്രതാരം നിലനിർത്തണം. പാവപ്പെട്ട -എഴുത്തും വായനയും വേണ്ടത്ര ഇല്ലാത്ത- ഒരു വിഭാഗം ജനങ്ങളുടെ പിന്തുണ നേടാനാണ് കഴമ്പില്ലാത്ത കക്ഷിത്വം എന്ന യക്ഷിയെ കക്ഷത്തിൽ വച്ചുകൊണ്ട് നടക്കുന്നത്. കക്ഷിത്വ വിഷവിത്തു വിതച്ചു രാഷ്ട്രീയലാഭം കൊയ്യുന്നവരും മേല്‌പട്ടവേഷം ലഭിക്കുന്നവരും ഇന്ന് ഒരപൂർവ്വ കാഴ്ചയല്ലല്ലോ… ചിലർ സ്നേഹം നടിച്ച് സ്വത്തുക്കൾ തട്ടിയെടുത്തു. നാം തന്നെ ചില വിദേശസഭകളിലെ പൂച്ചസന്ന്യാസികൾക്ക് സ്വർണ്ണവടിയും, സ്വർണ്ണക്കുരിശുകളും പവനും നൽകി. സഭയുടെ സമ്പദ് ഘടനയുടെ ഒരു കല്ലിനെപ്പോലും ഇളക്കാൻ സമ്പത്തുമോഷ്‌ടാക്കൾക്കു കഴിഞ്ഞിട്ടില്ല. കാരണം മലങ്കരസഭയുടെ ഉറക്കമില്ലാത്ത ഉണർവുള്ള കാവൽക്കാരൻ ദൈവവും, വി.മാർത്തോമ്മാശ്ലീഹായുമാണെന്ന് ഊണിലും ഉറക്കത്തിലും നാം വിശ്വസിക്കുന്നതാണ്. പരി വട്ടശ്ശേരിൽ തിരുമേനിയെ വെട്ടി വീഴ്ത്തണമെന്നാഗ്രഹിച്ച് മുടക്കാൻ ചൂട്ടു പിടിച്ചു കൊടുത്ത അന്നത്തെ സഭാസ്ഥാനികൾ പൊതുസഭാജീവിതമേഖലകളിൽ പ്രശസ്‌തരും ഉന്നതസ്ഥാനങ്ങൾ അലങ്കരിച്ചിട്ടുള്ളവരുമാണ്. മലങ്കരമെത്രാപ്പോലീത്തായെ പഴയ സെമിനാരിയിൽ നിന്ന് ഇറക്കി വിട്ട് സെമിനാരി കൈവശപ്പെടുത്തുവാനാവും എന്ന ചിന്തയോടെയാണ് മുടക്കെന്ന വാൾ പ്രയോഗിക്കാൻ പാത്രിയർക്കീസിനെ പ്രേരിപ്പിച്ചത്. മുടക്കുകല്പനയോടൊപ്പം 14 രൂപ സ്റ്റാമ്പൊട്ടിച്ച ഒരപേക്ഷ സർക്കാരിൽ കൊടുത്താൽ വടി, മുടി, സ്ലീബാ എന്നിവ വച്ചൊഴിഞ്ഞുപോകാൻ ഉത്തരവു ലഭിക്കുമെന്ന് സി. ജെ. കുര്യൻ വിശ്വസിച്ചിരുന്നു. നിയമത്തിൻ്റെ ബാലപാഠങ്ങൾ പോലും പഠിക്കാതിരുന്ന മല്പാനും കുര്യനും കുഴഞ്ഞു പോയി. ഇതാണ് ഇന്നത്തെയും അവസ്ഥ, നിയമത്തെക്കുറിച്ച് അല്ലെങ്കിൽ വിധിയെക്കുറിച്ച് അടിസ്ഥാനവിവരം പോലും ഇല്ലാതെ വിഡ്ഢികളായി നടന്ന് പരസ്പര അകൽച്ചയിലേക്ക് ആണ്ടുപോകുന്ന പൈശാചിക പ്രവർത്തി ഉപേക്ഷിക്കേണ്ട സമയം ഏറെ അതിക്രമിച്ചിരിക്കുന്നു. നിയമവിരുദ്ധ നിലപാടും അന്ധമായ ഓർത്തഡോക്സ് സഭ വിരോധവും കേരള സഭയുടെ വിനാശത്തിന് കളമൊരുക്കും. അതിന് അന്ത്യം കുറിക്കാൻ ഈ കാലഘട്ടം ഫലപ്രദമായി നമുക്ക് വിനിയോഗിക്കാം.
ഈ ശുഭ ചിന്ത എല്ലാവരിലും ഉണ്ടാകുവാനും, ദൈവീക സമാധാനം സഭയിൽ നിലനിൽക്കുവാനും ഇടയാകട്ടെ എന്ന് പ്രാത്ഥിക്കുന്നു .
സ്നേഹപൂർവ്വം
ഡോ. മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്ത
വാർത്ത : ഷാജി ജോൺ