ശവസംസ്‌ക്കാരങ്ങൾ തടയുന്നു എന്ന പ്രചരണം സത്യവിരുദ്ധമാണെന്ന് സഭ

മലങ്കര ഓർത്തഡോക്സ് സഭാ സെമിത്തേരികളിൽ ശവസംസ്‌ക്കാരങ്ങൾ തടയുന്നു എന്ന പ്രചരണം സത്യവിരുദ്ധമാണെന്ന് സഭാ വക്താവ് ഫാ. ഡോ. ജോൺസ് എബ്രഹാം കോനാട്ട്. പൊതുജനമദ്ധ്യത്തിൽ സഭയെ അവഹേളിക്കുന്നതിന് കെട്ടിച്ചമയ്ക്കുന്ന കുപ്രചരണമാണ് അത്. ഇടവക പള്ളികളുടെ സെമിത്തേരികൾ പൊതുശ്മശാനങ്ങളല്ല. അത് ഇടവകാംഗങ്ങളുടെ ആവശ്യത്തിനായി ഉള്ളതാണ്. ഇത് തന്നെയാണ് എല്ലാ ക്രൈസ്തവ സഭകളിലും നിലവിലുള്ള നടപടിക്രമം. മരിച്ചയാളുടെ ബന്ധുക്കൾ ഇടവകയുടെ നിയമാനുസൃത ചുമതലക്കാരോട് ആവശ്യപ്പെട്ടാൽ അവരുടെ ചുമതലയിൽ മൃതശരീരം സംസ്‌ക്കരിക്കുന്നതിന് ഒരു തടസ്സവുമില്ല. കോടതി വിധി നടപ്പാക്കിയ പള്ളികളിൽ മുമ്പ് പാത്രിയർക്കീസ് വിഭാഗത്തിൽ നിന്നിരുന്ന മുപ്പത്തിരണ്ടോളം വിശ്വാസികളുടെ മൃതദേഹങ്ങൾ ബന്ധുക്കളുടെ ആവശ്യപ്രകാരം നടപടിക്രമം പാലിച്ച് സംസ്‌കരിക്കപ്പെട്ടു കഴിഞ്ഞതായി സഭാ വക്താവ് അറിയിച്ചു.

സെമിത്തേരികൾ ഇടവകാംഗളുടെ മാത്രം ഉപയോഗത്തിനുള്ളതാണ് എന്ന തത്ത്വം പാത്രിയർക്കീസ് വിഭാഗവും പണ്ട് മുതൽ മുതലേ അംഗീകരിച്ചുവരുന്നതാണ്. പ്രശസ്തയായൊരു ചലച്ചിത്ര താരത്തിൻറെ മുത്തശിയുടെ മൃതശരീരം കുമരകത്ത് യാക്കോബായ വിഭാഗത്തിൻറെ കൈവശമുള്ള പള്ളിയിൽ നടത്തുവാൻ വിസമ്മതിച്ചതും, ജോസഫ് വെണ്ടറപ്പിള്ളിൽ അച്ചന്റെ സംസ്‌ക്കാരം വടവുകോട് പള്ളിയിൽ നടത്തുവാൻ യാക്കോബായ വിഭാഗം തടസം സൃഷ്ടിച്ചതും എല്ലാം ഇതേ വാദമുന്നയിച്ച് കൊണ്ടാണ്. ഔദ്യോഗിക വികാരിയുടെ അറിവും സമ്മതവും പങ്കാളിത്തവും കൂടാതെ ഇടവകസെമിത്തേരികളിൽ മൃതശരീരം സംസ്‌ക്കരിക്കുന്നത് നിയമവിരുദ്ധവുമാണ്. വികാരിയുടെ സമ്മതത്തോടെയും സാന്നിധ്യത്തിലും വിശ്വാസികളുടെ മൃതശരീരം സംസ്‌കരിക്കുന്നതിനു യാതൊരു തടസവുമില്ലെന്ന് ഫാ. ഡോ. ജോൺസ് എബ്രഹാം കോനാട്ട് പറഞ്ഞു.

മുൻപ് പാത്രിയാർക്കീസ് വിഭാഗത്തിൽ നിലനിന്നിരുന്ന വിശ്വാസികളുടെ മൃതശരീരങ്ങൾ സംസ്‌കരിക്കപ്പെട്ട പള്ളികളും സംസ്‌ക്കരിക്കപ്പെട്ടവരുടെ എണ്ണവും ചുവടെ ചേർക്കുന്നു. തികച്ചും സമാധാനപരമായും വിശ്വാസികൾക്ക് ഉചിതമായ സമ്പൂർണ്ണ ബഹുമതികൾ നൽകപ്പെട്ടു കൊണ്ടും അനുഗ്രഹകരമായി ഈ ശവസംസ്‌കാര ചടങ്ങുകൾ നടന്നു എന്നത് ശ്രദ്ധേയമാണ്.

കടമറ്റം പള്ളി 3
മണ്ണത്തൂർപള്ളി 2
കണ്ണിയാട്ടുനിരപ്പ് പള്ളി 1
വരിക്കോലി പള്ളി 2
ഞാറക്കാട് പള്ളി 1
കോലഞ്ചേരി പള്ളി 5
മുളക്കുളം പള്ളി 3
കണ്ടനാട് പള്ളി 3
ചാത്തമറ്റം പള്ളി 1
പഴന്തോട്ടം പള്ളി 1
പെരുമ്പാവൂർ ബഥേൽ സൂലോക്കോ 6
കട്ടച്ചിറ പള്ളി 1
മേപ്രാൽ പള്ളി 3

Related posts

Leave a Comment