വിശ്വാസികളുടെ പ്രാർഥനയാൽ സഭയിൽ ശാശ്വത സമാധാനം ഉണ്ടാകും

പരുമല : വിശ്വാസികളുടെ പ്രാർഥനയാൽ സഭയിൽ ശാശ്വത സമാധാനം ഉണ്ടാകുമെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ.
പരുമല പെരുന്നാളിനോട് അനുബന്ധിച്ച് കുർബാന മധ്യേ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ദൈവ നിശ്ചയത്തെ തടഞ്ഞു നിർത്തുവാൻ ആർക്കും സാധ്യമല്ല. ദൈവം തീരുമാനിച്ചത് നഷ്ടപ്പെടുത്തുവാൻ നമുക്ക് അവകാശമില്ല. കഷ്ട നഷ്ടങ്ങൾ സഹിച്ചാലും ദൈവത്തിന്റെ തീരുമാനം നടപ്പാക്കാൻ നമുക്ക് കഴിയണം.
പെറ്റമ്മയാണോ പോറ്റമ്മയാണോ വലുത് എന്ന ചോദ്യം ഉയർത്തി എതിർ വിഭാഗം വിശ്വാസികൾക്ക് ഇടയിൽ ഭിന്നത സൃഷ്ടിക്കുകയാണ്. സെമിത്തേരിയിൽ സംസ്കാരം നടത്തിക്കുകയില്ല എന്നുള്ള തെറ്റായ വ്യാഖ്യാനങ്ങൾ നൽകി സഭയെ സമൂഹത്തിനു മുമ്പിൽ അവഹേളിക്കുവാൻ ശ്രമം നടക്കുന്നുണ്ട്. സംസ്കാരം നടത്തിക്കുകയില്ലെന്ന് മലങ്കര ഒ‍ാർത്തഡോക്സ് സഭ ഒരിടത്തും പറഞ്ഞിട്ടില്ല.
പണം, കായിക ശക്തി, രാഷ്ട്രീയ പിടിപാടുകൾ, മാധ്യമങ്ങൾ എന്നിവ ഉപയോഗിച്ച് സഭയെ തകർക്കാമെന്ന് ആരും ധരിക്കരുത്. തെറ്റി ധാരണ പരത്തി നിഷ്കളങ്കരായ വിശ്വാസികളെ തെരുവിൽ ഇറക്കുന്നത് ശരിയല്ല. അന്ത്യോഖ്യൻ വിശ്വാസത്തിൽ ഊറ്റം കൊള്ളുന്നവർ കൊച്ചു കുട്ടികളുടെ വിരലിൽ കുത്തി രക്തം എടുത്ത് പ്രതിജ്ഞ ചെയ്യിക്കുന്നത് എന്തിനാണ്. വിശ്വാസത്തിന്റെ ഭാഗമാണോ ? ഇത് ചെയ്യിക്കുന്നവർക്കാണ് അതിന്റെ പൂർണമായ ഉത്തരവാദിത്തം. അവരോട് ദൈവം പൊറുക്കുമോ. പരിശുദ്ധനായ ഔഗേൻ ബാവായെ തല്ലിയത് വിശ്വാസമാണോ?.
സഭ യോജിക്കണമെന്നും ഭിന്നിക്കണമെന്നും പറയുന്നവർക്ക് ചില ഗൂഡ ലക്ഷ്യങ്ങൾ ഉണ്ട്. മറു വിഭാഗത്തിൽ മെത്രാപ്പൊലീത്തമാരുടെ എണ്ണം കൂടിയിട്ടുള്ളതിനാൽ സഭ ഒന്നിച്ചാൽ പൂർണമായും വിദേശ അടിമത്വത്തിലേക്ക് പോകും. ഭിന്നിച്ചാൽ വടക്കൻ മേഖലയിൽ ഉൾപ്പെടെ വരുമാനമുള്ള പള്ളികളും സ്ഥാപനങ്ങളും കൈവശപ്പെടുത്താനും പറ്റും. ഇതു കൊണ്ടാണ് തർക്കങ്ങളും പ്രശ്നങ്ങളും ഉണ്ടാക്കുന്നത്. ഇത് അനുവദിച്ചു കൊടുക്കാൻ മലങ്കര സഭ തയ്യാറല്ല.
രാജ്യത്തെ പരമോന്നത കോടതി എന്ത് പ്രസ്ഥാവിച്ചിട്ടുണ്ടോ അത് നടപ്പാക്കി മുന്നോട്ടു പോകണമെന്നും സഭയിൽ സമാധാനം ഉണ്ടാകണം എന്നുമാണ് മലങ്കര ഓർത്തഡോക്സ് സഭ ആഗ്രഹിക്കുന്നത്.
സഭയെ സഹായിക്കാൻ ആരും ഇല്ല. ഭൂമിയിലെ കോടതിയും സ്വർഗത്തിലെ ദൈവവും പരിശുദ്ധ പരുമല തിരുമേനിയുടെ പ്രാർഥനയുമാണ് സഭയെ മുന്നോട്ടു നയിക്കുന്നതെന്നും കാതോലിക്കാ ബാവാ പറഞ്ഞു. 

Related posts