അടുപ്പുട്ടി പള്ളിപ്പെരുന്നാള്‍

കുന്നംകുളത്തിന്റെ ദേശീയോത്സവം എന്ന് അറിയപ്പെടുന്ന അടുപ്പുട്ടി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് സിറിയന്‍ പള്ളിയിലെ പെരുന്നാള്‍ ഒക്ടോബര്‍ 27,28 തീയ്യതികളില്‍ ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ കുന്നംകുളത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 27ന് രാവിലെ എട്ടുമണിക്ക് വിശുദ്ധ കുര്‍ബാനയും വൈകീട്ട് നാലുമണിക്ക് വിവിധ കുരിശുപള്ളികളില്‍ ധൂപ പ്രാര്‍ത്ഥനയും 7 മണിക്ക് സന്ധ്യാനമസ്‌കാരവും ഉണ്ടായിരിക്കും. പരിശുദ്ധ കാതോലിക്കാ ബാവാ മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ മുഖ്യകാര്‍മികത്വം വഹിക്കും. പെരുന്നാള്‍ ദിവസമായ 28 രാവിലെയും പരിശുദ്ധ കാത്തോലിക്കാ ബാവായുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാന ഉണ്ടാകും. 50 പ്രാദേശിക കമ്മിറ്റികള്‍ ഇത്തവണ പെരുന്നാള്‍ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. 25 ആനകളും വിവിധ കമ്മിറ്റികളിലായി എഴുന്നള്ളിപ്പിന് ഉണ്ടാകും. 26 ശനിയാഴ്ച വൈകീട്ട് സന്ധ്യ നമസ്‌കാരത്തിനുശേഷം ഡെക്കറേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മ്യൂസിക് ഡാന്‍സ് ഡെക്കറേഷന്റെയും ദീപാലംകൃത പന്തലിന്റെയും സ്വിച്ചോണ്‍ കര്‍മ്മവും ഉണ്ടായിരിക്കും. 27 ഞായറാഴ്ച വൈകീട്ട് കുന്നംകുളം എച്ച് എം സി കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെടിക്കെട്ടും ഒരുക്കിയിട്ടുണ്ട്. പരിപാടികള്‍ വിശദീകരിച്ചു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഫാദര്‍ ജോസഫ് ചെറുവത്തൂര്‍, ഫാദര്‍ ആന്റണി പൗലോസ്, സെക്രട്ടറി എം.ടി വീര്‍, കൈസ്ഥാനി പി ജി ബിജു എന്നിവര്‍ പങ്കെടുത്തു.

Related posts