ബോംബെ ഭദ്രാസനം സുവർണ ജൂബിലി നിറവിൽ

സുവർണ്ണ ജൂബിലിക്ക് മുന്നോടിയായി മലങ്കര ഓർത്തോഡക്‌സ് സഭ ബോംബെ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ 5 വർഷം നീണ്ടു നിൽക്കുന്ന വിപുലമായ പരിപാടികൾക്കും വിവിധ കർമ്മപരിപാടികൾക്കും ഒരുക്കമായി. ആത്മീയം, വിദ്യാഭ്യാസം, സാമൂഹികം, ജീവകാരുണ്യം അടിസ്ഥാന വികസനം തുടങ്ങി വൈവിധ്യമാർന്ന മേഖലകളായി നിരവധി പദ്ധതികൾക്ക് ഭദ്രാസനം നേതൃത്വം നൽകും.

ജൂബിലി പരിപാടികളുടെ കൂടിയാലോചനകൾക്കായി വൈദികരും അത്മായ പ്രതിനിധികളുമായി ഭദ്രാസന മെത്രോപ്പൊലീത്ത അഭിവന്ദ്യ ഗീവർഗീസ് മാർ കുറിലോസ് തിരുമേനി നടത്തിയ സൂം മീറ്റിങ്ങിലാണ് തീരുമാനം കൈക്കൊണ്ടത്. ഭദ്രാസനം നിലവിൽ ഏറ്റെടുത്തു നടത്തുന്ന സേവന, കാരുണ്യ പ്രവർത്തനങ്ങൾക്ക് കൂടുതൽ വൈപുല്യം നൽകുന്നതാകും സുവർണ്ണ ജൂബിലിയുമായി ബന്ധപ്പെട്ട പദ്ധതികൾ. ആത്മീയമായ ഉൾക്കാഴ്ച്ചക്കൊപ്പം ഭൗതികമായ ഉന്നതി കൂടി കൈവരിക്കുന്നതിന് പ്രചോദനമേകുന്ന പദ്ധതികൾ സാമൂഹിക വികസന രംഗത്ത് രാജ്യത്തിന് തന്നെ പുതിയ മാതൃകയാകുമെന്ന് കുറിലോസ് തിരുമേനി പ്രസ്താവിച്ചു.

ആധുനീക ജീവിത സമ്മർദ്ദങ്ങളുടെ സാഹചര്യത്തിൽ ആത്മീയതയുടെ വിശുദ്ധിയും ശാന്തിയും ആശ്രമാന്തരീക്ഷത്തിൽ അനുഭവിക്കാൻ അവസരമൊരുക്കുന്ന ഗ്രിഗോറിയൻ കമ്മ്യൂണിറ്റിയുടെ ആവിഷ്കാരം, വിവിധ വൈജ്ഞാനിക മേഖലകളിൽ നൈപുണ്യ വികസനത്തിനും പ്രായോഗിക പരിശീലനത്തിനും പ്രാമുഖ്യം നൽകുന്ന തീയോ യൂണിവേഴ്സിറ്റി, ആഴത്തിലുള്ള ആത്മീയ പഠനം സാധ്യമാക്കുന്ന കോഴ്‌സുകൾ, സാമൂഹിക പ്രതിബദ്ധത പദ്ധതികൾ, ചേരികളിലെ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസത്തിന് അവസരമൊരുക്കുക വഴി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് നയിക്കുന്ന പ്രത്യേക പദ്ധതി എന്നിവ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് മുന്നോടിയായി നടപ്പാക്കും.

പകൽ സമയം പഠനത്തിന് നീക്കിവയ്ക്കാനാകാത്ത വിദ്ധാർത്ഥികൾക്കായി നിശാ സ്കൂളുകളും രാത്രികാല ക്ലാസ്സുകളും സജ്ജീകരിക്കുക, അർബുദ പ്രതിരോധവും ബോധവത്കരണവും രോഗനിർണയ സൗകര്യങ്ങളും സാധ്യമാക്കുന്ന ക്യാൻ-കുവർ ഹെൽത്ത് പ്രോഗ്രാം , വൃക്കരോഗം മൂലം ട്രാൻസ്പ്ലാന്റിലേക്കും ഡയാലിസിലേക്കും നീങ്ങുന്നവർക്ക് സഹായം, ജൈവ കൃഷി രീതികളുടെ പ്രചാരണവും വിഷരഹിത പച്ചക്കറി ഉല്പാദനവും തുടങ്ങിയവ സുവർണജൂബിലി പഞ്ചവത്സര പദ്ധതികളുടെ ഭാഗമായിരിക്കുമെന്ന് ഭദ്രാസന സെക്രട്ടറി ഫാ. തോമസ് കെ ചാക്കോ അറിയിച്ചു.

ഇതിന് പുറമെ വിദഗ്ധ തൊഴിൽ മേഖലകളിൽ നിന്നുള്ള സന്നദ്ധ സേവകരെ ഉൾക്കൊള്ളിച്ചു അടിയന്തിര ഘട്ടങ്ങളിൽ അതിവേഗം സഹമെത്തിക്കുന്നതിനു ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ രക്ഷാസേന രൂപീകരിക്കാനും ലക്ഷ്യമിടുന്നു. ഭദ്രാസനം വിഭാവനം ചെയ്യുന്ന പദ്ധതികളുമായി ബന്ധപ്പെട്ട തുടരാലോചനകൾക്കും നിർവഹണത്തിനുമായി ഭദ്രാസന സെക്രട്ടറി റവ . ഫാ. തോമസ് കെ ചാക്കോ, റവ ഫാ. ബെഞ്ചമിൻ സ്റ്റീഫൻ, റവ ഫാ ജോയ് എം സ്കറിയ, റവ ഫാ . സ്കറിയ വർഗീസ്, ബിൻ കെ കുര്യാക്കോസ്, സജീവ് പി രാജൻ, തുടങ്ങിയവർ അടങ്ങുന്ന പ്രാഥമിക കോ ഓർഡിനേഷൻ കമ്മിറ്റിയും രൂപീകരിച്ചു
https://www.facebook.com/399839656808563/posts/3497109310414900/

https://m.youtube.com/watch?v=RkhKlBHvT1g&feature=youtu.be

Related posts

Leave a Comment