“നഗ്ന നേത്രങ്ങളാൽ ദർശിച്ച പരിശുദ്ധൻ”

മലങ്കരയുടെ സൂര്യതേജസ്സ് – ഈ വിശേഷണത്തിനു പരിശുദ്ധ മാത്യൂസ് ദ്വിതീയൻ ബാവയെക്കാൾ യോഗ്യനായി മറ്റൊരാളും മലങ്കരയിലില്ല.

1915-ന് കൊല്ലം ജില്ലയിലെ പെരിനാട് ജനനം. കഷ്ടതകൾ നിറഞ്ഞ ബാല്യം. പരിശുദ്ധ പരുമല തിരുമേനിയെപ്പോലെ ചെറുപ്പത്തിൽത്തന്നെ അമ്മയെ നഷ്ടപ്പെട്ടു. എങ്കിലും പൈതൽപ്രായം മുതൽ പ്രാർത്ഥനയിൽ അധിഷ്ഠിതമായ ജീവിതം സായത്തമാക്കി. കുഞ്ഞായിരിക്കുമ്പോൾ തന്നെ ദൈവീകചൈതന്യം വിളയാടിയ കുഞ്ഞു മാത്യൂസിനെ ചുറ്റുപാടുമുള്ള ഹൈന്ദവകുടുംബങ്ങൾ ഐശ്വര്യപ്രാപ്തിയ്ക്കായി എല്ലാ മാസവും ഒന്നാം തീയതി വീടുകളിലേക്ക് ക്ഷണിക്കുന്നത് പതിവ് കാഴ്ചയായിരുന്നു.

ആ സമയത്ത് കുണ്ടറ സെമിനാരി ആസ്ഥാനമാക്കി കൊല്ലം ഭദ്രാസന ഭരണം നടത്തിയിരുന്ന പരിശുദ്ധ ഗീവർഗീസ് ദ്വിതീയൻ ബാവയുടെ ശ്രദ്ധ കുഞ്ഞു മാത്യൂസിൽ പതിഞ്ഞു. സ്വപിതാവിന്റെ എതിർപ്പിനെപ്പോലും അവഗണിച്ചു കൊണ്ട് വൈദികവ്യത്തി തെരഞ്ഞെടുത്തു. പരിശുദ്ധ ഗീവർഗീസ് ദ്വിതീയൻ ബാവാ തന്നെയാണ് മെത്രാപ്പോലീത്ത സ്ഥാനം വരെയുള്ള എല്ലാ പടികളിലും കൈവയ്പ്പു കൊടുത്തത്.

പത്തനംതിട്ട ബേസിൽ ദയറാ, കൽക്കട്ട ബിഷപ്സ് കോളജ്, ന്യൂയോർക്ക് തിയോളജിക്കൽ സെമിനാരി എന്നിവിടങ്ങളിലായി പഠനം പൂർത്തിയാക്കിയ മാത്യൂസച്ചനെ ഗീവർഗീസ്‌ ദ്വിതീയൻ ബാവാ തിരുമേനി ഓതറയിലേക്ക് അയച്ചു.

ഒരു ചെറിയ കെട്ടിടവും ഒരു കിണറും ഒരു പ്ലാവും മാത്രമുണ്ടായിരുന്ന ഓതറ ദയറായിൽ മാത്യൂസച്ചൻ ദാരിദ്ര്യം, അനുസരണം, ബ്രഹ്മചര്യം തുടങ്ങി ഒരു സന്യാസജീവിതത്തിനു വേണ്ടതെല്ലാം ഒരു കുറവുമില്ലാതെ പിൻതുടർന്നു. ബാഹ്യമായി ദാരിദ്ര്യം നടമാടിയിരുന്നെങ്കിലും ആത്മീയമായ സമ്പത്തിന്റെ അനുഭവമായിരുന്നു ആ പത്തു വർഷങ്ങൾ. അതിരാവിലെ നാലു മണിക്കു എഴുന്നേറ്റു പ്രാർത്ഥനയോടെ തുടങ്ങുന്ന ദിവസം, പിന്നീട് ബൈബിൾ പഠനവും, വിശുദ്ധ കുർബാനയും, വചനശുശ്രൂഷയും, ഏഴു യാമങ്ങളിലും മുടങ്ങാത്ത പ്രാർത്ഥനയുമായി തുടരും. തേജസ് ജ്വലിക്കുന്ന മുഖവുമായി ഓതറ ആശ്രമത്തിൽ ജീവിച്ച മാത്യൂസച്ചനെ ചുറ്റുപാടുമുള്ളവർ ആദരപൂർവം”ഏയ്ഞ്ചൽ അച്ചൻ” എന്ന് വിളിക്കാൻ തുടങ്ങി.

പരിശുദ്ധ ഗീവർഗീസ് ദ്വിതീയൻ ബാവാ കേവലം 38 വയസു മാത്രമുണ്ടായിരുന്ന മാത്യൂസച്ചനെ മറ്റു നാലു പേരോടൊപ്പം മാത്യൂസ് മാർ കൂറിലോസ് എന്ന പേരിൽ മെത്രാപ്പോലീത്തയായി വാഴിച്ചു. കൊല്ലം ഭദ്രാസനത്തിന്റെ അസിസ്റ്റന്റ് മെത്രാപ്പോലീത്തയായി തുടങ്ങിയ ആ യുഗം മലങ്കര ഓർത്തഡോക്സ് സഭയുടെ തങ്കലിപികളിൽ കൊത്തിവച്ച ഒരു കാലഘട്ടത്തിനു സാക്ഷ്യം വഹിച്ചു.

തിരുമേനി പണിത കോളജുകൾ, സ്കൂളുകൾ, ആശ്രമങ്ങൾ, കന്യാസ്ത്രീ മഠങ്ങൾ എന്നിവ ധാരാളമായിരുന്നു.
തിരുമേനി എല്ലാവർക്കും പ്രിയങ്കരനായിരുന്നു. മുൻ മുഖ്യമന്ത്രി ശ്രീ കരുണാകരൻ, ശ്രീ കെ എം മാണി, ശ്രീ ബാലകൃഷ്ണപിള്ള, മുൻ ഗവർണർ പി സി അലക്സാണ്ടർ തുടങ്ങി തിരുമേനിയുടെ സുഹ്യത് വലയം വിപുലമായിരുന്നു. ഇതര സഭകളിലെ പിതാക്കൻമാരോടും മറ്റു സമുദായ നേതാക്കൻമാരോടുമൊക്കെ തിരുമേനി നിലനിർത്തിയിരുന്ന ബന്ധം ദ്യഢമായിരുന്നു.

ധാരാളം വിദേശരാജ്യങ്ങൾ സന്ദർശിച്ച തിരുമേനിയാണ് മിഡിൽ ഈസ്റ്റിൽ മിക്ക ഓർത്തഡോക്സ് പള്ളികളും പണിയുന്നതിനുള്ള അനുവാദം അതാതു രാജ്യങ്ങളിലെ ഭരണകർത്താക്കൻമാരിൽ നിന്നും നേടിയെടുത്തത്.

കലുഷിതമായ നിലയ്ക്കൽ പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞത് തിരുമേനിയുടെ നയതന്ത്രമായ ഇടപെടൽ ഒന്നു കൊണ്ടു മാത്രമാണ്. “ആരെയും വ്യണപ്പെടുത്തി നമുക്കൊന്നും നേടണ്ട” എന്ന തിരുമേനിയുടെ ആപ്തവാക്യമാണ് അവസാനം വിജയം കണ്ടത്.

പരിശുദ്ധ സുന്നഹദോസ് ഐക്യകണ്ഠേന കൂറിലോസ് തിരുമേനിയെ പരിശുദ്ധ കാതോലിക്കാ ബാവയുടെയും മലങ്കര മെത്രാപ്പോലീത്തായുടെയും പിൻഗാമിയായി തെരഞ്ഞെടുത്തു, തുടർന്ന് 1991-ൽ കിഴക്കിന്റെ കാതോലിക്കയായി ബസേലിയോസ് മാത്യൂസ് ദ്വിതീയൻ എന്ന പേരിൽ പരുമലയിൽ വച്ച് സ്ഥാനാരോഹണം ചെയ്യപ്പെട്ടു.

തിരുമേനിയുടെ ചിരകാല സ്വപ്നമായിരുന്ന സഭാസമാധാനത്തിനു ദൈവംതമ്പുരാൻ തുറന്നുകൊടുത്ത വാതിലായിരുന്നു 1995-ലെ സുപ്രീം കോടതി വിധി. വിധി അനുസരിച്ച യാക്കോബായ വിഭാഗത്തിലെ നാലു മെത്രാൻമാരെ സ്വീകരിക്കാനുള്ള വലിയ മനസ് തിരുമേനിക്കുണ്ടായി. സഭാസമാധാനത്തിനു വേണ്ടി എന്തു വിട്ടുവീഴ്ചയ്ക്കും തയാറായിരുന്ന തിരുമേനി തന്റെ മലങ്കര മെത്രാപ്പോലീത്ത സ്ഥാനം ത്യാഗം ചെയ്തു 2002-ലെ പരുമല അസോസിയേഷനിൽ ഇലക്ഷനെ നേരിട്ടു. അവസാന നിമിഷം അസോസിയേഷൻ ബഹിഷ്‌കരിച്ച വിഘടിതവിഭാഗത്തിന്റെ ഇന്നത്തെ അനാഥത്വത്തിനു കാരണം, 2002-ൽ ഈ പരിശുദ്ധ പിതാവിനെ പറഞ്ഞു പറ്റിച്ചതല്ലാതെ മറ്റൊന്നുമല്ല.

നിരണം പള്ളിയിൽ മാർത്തോമാ ശ്ളീഹായുടെ തിരുശേഷിപ്പ് സ്ഥാപിച്ചതും 2002-ൽ വട്ടശ്ശേരിൽ തിരുമേനിയെ പരിശുദ്ധനായി പ്രഖ്യാപിച്ചതും അദ്ദേഹത്തിന്റെ ജീവിതത്തിലെ നാഴികക്കല്ലുകളായിരുന്നു.

2006 ജനുവരി 26-നു ദൈവസന്നിധിയിലേക്കു ചേർക്കപ്പെട്ട ആ ജീവിതം അക്ഷരാർത്ഥത്തിൽ “സ്വർഗത്തിലേക്കു നോക്കി യാത്ര ചെയ്ത ഒരു തീർത്ഥാടകന്റേതു” തന്നെയായിരുന്നു. സംഭവബഹുലമായ ആ ജീവിതം കഴിയുന്നതിനു മുമ്പ് തന്റെ പിൻഗാമിയെ വാഴിച്ചു സഭയുടെ ഭാവി ഭദ്രമാക്കാനുള്ള ഭാഗ്യവും ദൈവം തിരുമേനിയ്ക്കു നല്കി. ശാസ്താംകോട്ട ഏലിയാ ചാപ്പലിൽ വിശ്രമിക്കുന്ന തിരുമേനി ഇന്നും ജനഹ്യദയങ്ങളിൽ വസിക്കുന്നു…!!

Related posts